07:50pm 03 August 2026
NEWS
പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്

03/01/2025  08:20 AM IST
nila
പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ എറണാകുളത്തെ സി.ബി.ഐ. പ്രത്യേകകോടതിയാണ് 14 പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കുന്നത്. കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിപ്പട്ടികയിലുള്ള 10 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ സിപിഎം നേതാവ് കെ.വി. കുഞ്ഞിരാമൻ എക്സ് എംഎൽഎ ഉൾപ്പെടെയുള്ളവരുണ്ട്. 

ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേസിൽ വിധി വരുന്നത്. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരേ കൊലക്കുറ്റം തെളിഞ്ഞു. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്താം പ്രതി ടി. രഞ്ജിത്ത് പതിനഞ്ചാം പ്രതി എ. സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാലു പ്രതികൾക്കെതിരേ പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.

കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവരിൽ പാർട്ടിയിലെ നാല് പ്രധാന നേതാക്കൾ ഉൾപ്പെടുന്നുണ്ട്. ഇതിൽ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയ ഒന്നാം പ്രതി എ. പീതാംബരൻ സി.പി.എം. പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗമാണ്. പ്രതികളെ സഹായിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14-ാം പ്രതി കെ. മണികണ്ഠൻ ഉദുമ ഏരിയാ മുൻ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്. 20-ാം പ്രതി കെ.വി. കുഞ്ഞിരാമൻ ഉദുമ മുൻ എം.എൽ.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. 21-ാം പ്രതി രാഘവൻ വെളുത്തോളി പാക്കം ലോക്കൽ മുൻ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി നേതാവുമാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റുപ്രതികളും സജീവ സി.പി.എം. പ്രവർത്തകരാണ്.

10 പ്രതികളെ കുറ്റവിമുക്തരാക്കി. പെരിയ ലോക്കൽ മുൻ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, ഏച്ചിലടുക്കം ബ്രാഞ്ച് മുൻ സെക്രട്ടറി പി. രാജേഷ് എന്നിവരുമുൾപ്പെടെയുള്ളവരെയാണ് കുറ്റവിമുക്തരാക്കിയത്. വെറുതേവിട്ട മറ്റ് എട്ടുപേരും പാർട്ടി പ്രവർത്തകരാണ്. ഇവരെ വെറുതേവിട്ടതിനെതിരേ പ്രോസിക്യൂഷനും കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കളും അപ്പീലിന് പോകാൻ സാധ്യതയുള്ളതിനാൽ കേസ് ഇവിടെ അവസാനിക്കാനും സാധ്യത കുറവാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img